ജൈവ കീടനാശിനികള്‍

വേപ്പെണ്ണ എമള്‍ഷന്‍

പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്.

നാറ്റപൂച്ചെടി എമള്‍ഷന്‍

വിവിധ വിളകളുടെ പ്രധാന ശത്രൂവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്. നാറ്റപ്പൂച്ചെടിയുടെ (ഹിപ്പറ്റിസ് സ്വാവിയോളന്‍സ്) ഇളം തണ്ടും ഇലകളും അരച്ചു പിഴിഞ്ഞ് ചാര്‍ എടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി 1 ലിറ്റര്‍ ചാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം.

വേപ്പിന്‍ കഷായം

ഒരു ലിറ്റര്‍ കഷായം തയ്യാറാക്കുന്നതിന് 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് 1 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്തു മുഴുവന്‍ വെളളത്തില്‍ കലര്‍ത്തുക. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

ആര്യ വേപ്പിന്റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പമ്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യാം.

പുകയില കഷായം

വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചെടുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുക്കുക. ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം.

വെളുത്തുളളി മിശ്രിതം

20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്റെയും പടവലത്തിന്റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം.

പടവല വര്‍ഗ്ഗ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ചകള്‍. കേട് ബാധിച്ച കായ്കള്‍ പറിച്ചു നശിപ്പിക്കുന്നതും നാല് ചുവടിന് ഒരു കെണി എന്ന കണക്കില്‍ ഇടവിട്ട് പഴക്കെണികളും തുളസിക്കെണികളും സ്ഥാപിക്കുന്നതും കായീച്ചയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

Check Also

തെങ്ങ്

തെങ്ങിന് നന തുടരാം. പുതിയ തെങ്ങിൻ  തൈകൾ നടുന്നതിനുള്ള കുഴികൾ ഇപ്പോൾ തയ്യാറാക്കാം. രോഗം വന്നതോ ഉത്പധന ക്ഷമത കുറഞ്ഞതോ …

2 comments

  1. I want to start Hydroponics or Aquaponics farming. Please advise me how to begin cultivation of vegetable items.

Leave a Reply

Your email address will not be published. Required fields are marked *