വിളവെടുപ്പ്

ഒരു തെങ്ങിൽ ഒരു വർഷം 12 പൂങ്കുലകളാണ് ഉണ്ടാകുക. അവയിൽ ചിലത് മാത്രമേ പൂർണ്ണവളർച്ചയെത്താറുള്ളൂ. അതിനാൽ ഒരു വർഷം 12 എണ്ണത്തിൽ താഴെ മാത്രമേ വിളവെടുക്കാനായി ലഭിക്കുകയുള്ളു. വിളവെടുപ്പിന്റെ ഇടവേള ഓരോ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ഒരു വർഷം 6 മുതൽ 12 വരെ വിളവെടുപ്പുകളാണുള്ളത്. കേരളത്തിൽ വേനൽകാലത്ത് 45 ദിവസത്തെ ഇടവേളയും മഴക്കാലത്ത് 60 ദിവസത്തെ ഇടവേളയും ആണ് പിന്തുടരുന്നത്. ഓരോ തവണ വിളവെടുക്കുമ്പോഴും തെങ്ങിന്റെ മണ്ടയിലെ ഉണങ്ങിയ ഓലകളും കൊതുമ്പുകളും മറ്റും നീക്കം ചെയ്യുന്നത് രോഗകീടങ്ങളുടെ ആക്രമണം ഇല്ലാതാക്കാൻ സഹായിക്കും. വേനൽകാലങ്ങളിൽ അടിവശത്തെ ഒന്നോ രണ്ടോ പട്ടകൾ മുറിച്ച് മാറ്റുന്ന പതിവുമുണ്ട്.

ഉയരം കൂടിയ ഇനങ്ങൾ നട്ട് 5 – 6 വർഷങ്ങൾക്ക് ശേഷവും കുറിയ ഇനങ്ങൾ 3 – 4 വർഷങ്ങൾക്ക് ശേഷവും പൂക്കാൻ തുടങ്ങും. പൂർണ്ണമായും കായ്ച്ച് തുടങ്ങാൻ വീണ്ടും രണ്ട് വർഷത്തോളമെടുക്കും. വിളവെടുത്ത തേങ്ങ കുറച്ച് ദിവസം തണലിൽ കൂട്ടിയിടുകയാണെങ്കിൽ എളുപ്പത്തിൽ പൊതിച്ചെടുക്കുന്നതിനും ഗുണനിലവാരമുള്ള കൊപ്ര ലഭിക്കുന്നതിനും ഉപകരിക്കും.

കൊപ്ര

കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി തേങ്ങ വിളവെടുക്കുമ്പോൾ നന്നായി മൂത്ത് കാമ്പ് നന്നായി ഉറച്ച തേങ്ങയാണ് ഇടുക. തേങ്ങയുടെ മൂപ്പ് നിശ്ചയിക്കുന്നത് പൂക്കുല വന്ന സമയം, തേങ്ങയുടെ വലിപ്പം, ബാഹ്യമായ മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ്. പരമാവധി തൂക്കത്തിൽ കൊപ്ര ലഭിക്കണമെങ്കിൽ പൂർണ്ണമായി മൂപ്പെത്തി ഏതാണ്ട് 12 മാസം പ്രായമായതായിരിക്കണം. മൂക്കാത്ത തേങ്ങയിൽ നിന്നുണ്ടാകുന്ന കൊപ്ര ഗുണമേന്മകുറഞ്ഞിരിക്കും. എണ്ണയുടെ അളവും കുറവായിരിക്കും.

കരിക്ക്

വെള്ളത്തിന് മധുരം കൂടുതലുള്ള തെങ്ങിനങ്ങളാണ് കരിക്കിനായി ഉപയോഗിക്കുന്നത്.7-8 മാസം മൂപ്പെത്തിയ തേങ്ങയാണ് കരിക്കിനായി ഉപയോഗിക്കുന്നത്. ഉയരം കൂടിയ തെങ്ങിൽ നിന്ന് കരിക്ക് കയറുപയോഗിച്ച് കെട്ടിയിറക്കണം. വിളവെടുത്ത് കുലയിൽ നിന്ന് വേർപെടുത്തിയ കരിക്ക് 24-36 മണിക്കൂറിലധികം സമയം കേടുകൂടാതിരിക്കില്ല. കരിക്കിൻ വെള്ളം സംസ്കരിച്ച് പാക്ക് ചെയ്ത ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. കുറിയ ഇനം തെങ്ങുകളായ ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്, ഗംഗാബോന്തം എന്നിവ കരിക്കിന് പറ്റിയ ഇനങ്ങളാണ്. നെടിയ ഇനമായ പശ്ചിമതീരനെടിയ ഇനവും DxT യും കരിക്കിന് ഉത്തമമാണ്.

വിത്ത് തേങ്ങ

11-12 മാസം പ്രായമായ മൂപ്പെത്തിയ തേങ്ങയാണ് വിത്തുതേങ്ങയായി ഉപയോഗിക്കുന്നത്. സാധാരണ ഇരുപതിലധികം വർഷം പ്രായമുള്ളതും കനത്ത വിളവ് തരാന് കഴിവുള്ളതുമായ മാതൃവൃക്ഷങ്ങളിൽ നിന്നാണ് വിത്ത് തേങ്ങ സംഭരിക്കുന്നത്. ഉയരം കൂടിയ തെങ്ങുകളിൽ നിന്ന് അല്പം ശ്രദ്ധയോടെ കയർ കെട്ടിയിറക്കേണ്ടതുണ്ട്. വളർച്ചയെത്താത്തതും കേടുള്ളതുമായ തേങ്ങകൾ വിത്തുതേങ്ങാ തിരെഞ്ഞ് നീക്കം ചെയ്യേണ്ടതാണ്. കുലുക്കി നോക്കുമ്പോൾ ഉള്ളിൽ കുറച്ച് വെള്ളമുള്ളതോ വെള്ളം വറ്റിയതോ ആയ തേങ്ങകൾ ഉപയോഗിക്കാൻ പാടില്ല. വിത്തു തേങ്ങ ശേഖരിക്കനുള്ള സമയം പ്രാദേശികമായ കാലവസ്തകൾക്കനുസരിച്ച് വ്യത്യസ്ഥമാണ്.

വിത്ത് തേങ്ങ ശേഖരിച്ച് തണലിൽ സൂക്ഷിച്ച് മഴക്കാലം തുടങ്ങുന്നതോടെ പാകുകയാണ് പതിവ്. കേരളത്തിന്റെ കാലാവസ്ഥയിൽ വിത്തു തേങ്ങ ശേഖരിക്കാനും പാകി മുളപ്പിക്കാനും പറ്റിയ സമയം യഥാക്രമം ജനുവരി-ഏപ്രിൽ വെരെയും ജൂൺ-ജൂലായ് മാസങ്ങളുമാണ്. പാകുന്നതിന് മുമ്പ് തേങ്ങ 1 മാസം മുതൽ 5 മാസം വരെ തണലിൽ ശേഖരിച്ചിടണം. കൂടുതൽ വേഗത്തിലും ഉയർന്ന ശതമാനത്തിലും വിത്തുതേങ്ങ മുളയ്ക്കുവനാണ് ഇങ്ങനെ ചെയ്യുന്നത്.

Check Also

കമുക്

നന തുടരണം, കൂടാതെ ചുവട്ടില പുതയിട്ട് ഈർപ്പസംരക്ഷണം നടത്തുക.

Leave a Reply

Your email address will not be published.