പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.
പേരിനു പിന്നിൽ
തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെങ്കായ് ആണ് തേങ്ങ ആയി മാറിയത്. തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളിൽ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ് തെക്കുനിന്ന് വന്ന കായ് എന്നു പറയാൻ തുടങ്ങിയത്. നാളികേരം എന്നത് നാരുള്ള ഫലം എന്നതിന്റെ പാലി സമാനപദത്തിൽ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് തെങ്ങ് കൂടുതലായും വളർന്നിരുന്നത്, അതിനാലാണ് തെങ്കായ് എന്നു പേരുവന്നതെന്നും വാദമുണ്ട്.
ഉത്ഭവം
തെങ്ങ് ആദ്യം വളർന്നത് എവിടെയാണെന്ന കാര്യത്തിൽ ഇന്നുവരെ ശാസ്ത്രജ്ഞർ ഒരു ഒത്തുതീർപ്പിലെത്തിയിട്ടില്ല. ചിലരത് തെക്കേ അമേരിക്കയാണെന്നു കണക്കാക്കുന്നു. എന്നാൽ മറ്റുചിലർ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകണമെന്നാണ് കണക്കാക്കുന്നത്. വേറെ ചിലർ തെങ്ങ് ആദ്യം ഉണ്ടായത് പോളിനേഷ്യൻ ഭാഗങ്ങളിലെവിടെയോ ആണെന്നു കരുതുന്നു. ന്യൂസിലാന്റിൽ നിന്നു ലഭിച്ച ഒന്നരക്കോടി വർഷം പഴയ ഫോസിലുകളിൽ തെങ്ങിനോടു സാദൃശ്യമുള്ള സസ്യത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് തെങ്ങിന്റെ അതിലും പഴയ ഫോസിൽ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.