ജൈവവളങ്ങൾ, രാസവളങ്ങൾ, കുമ്മായ വസ്തുക്കൾ എന്നിവയാണ് തെങ്ങിന് നൽകുന്ന പ്രധാന വളങ്ങൾ. ഇവ ഓരോന്നും നൽകേണ്ട സമയം നിർണ്ണയിക്കുന്നത്; മഴ, നനസാധ്യത എന്നിവ മുൻനിർത്തിയാണ്.
ജൈവവളങ്ങൾ
കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മീൻവളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേർക്കാവുന്നതാണ്. കാലവർഷാരംഭമാണ് ഈ വളങ്ങൾ ചേർക്കാൻ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടുമീറ്റർ അകലത്തിൽ 15 സെന്റീമീറ്റർ താഴ്ചയിൽ, തെങ്ങിനുചുറ്റും തടമെടുത്ത് അതിൽ വേണം നൽകാൻ. തെങ്ങൊന്നിന് ഒരു വർഷം 15 കിലോഗ്രാം മുതൽ 25 കിലോഗ്രാം വരെ വളങ്ങൾ ആവശ്യമാണ്. തെങ്ങിൽ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടൽ, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നൽകാവുന്നതുമാണ്. പച്ചിലവള വിളകൾ തെങ്ങിന്റെ തടത്തിൽ തന്നെ വളർത്തിയോ മറ്റു സ്ഥലങ്ങളിൽ വളർത്തിയതോ ആയവ സെപ്റ്റംബർ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേർക്കാവുന്നതുമാണ്.
രാസവളങ്ങൾ
ജൈവവളങ്ങൾക്ക് പുറമേയാണ് രാസവളങ്ങൾ നൽകേണ്ടത്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും യോജിക്കുന്ന തരത്തിൽ രാസവളപ്രയോഗം നടത്തുന്നു.കായ്ച് തുടങ്ങിയ തെങ്ങൊന്നിന് 500 ഗ്രാം പാക്യജനകം, 320 ഗ്രാം ഭാവകം, 1200 ഗ്രാം ക്ഷാരം എന്ന തോതിൽ പോഷകമൂല്യം ലഭിക്കത്തക്ക വിധത്തിൽ വളം നൽകണം. ജല ലഭ്യതയ്ക്കായി മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രാസവളങ്ങൾ രണ്ട് തവണകളായിട്ടാണ് ഓരോ വർഷവും ചേർക്കുന്നത്. ആകെ വേണ്ടുന്ന വളത്തിന്റെ മൂന്നിൽ ഒരു ഭാഗം മേയ്-ജൂൺ മാസങ്ങളിൽ പുതുമഴ ലഭിച്ച് തുടങ്ങുന്നതോടെ നൽകുന്നു. ബാക്കിയുള്ള വളം സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലും നൽകണം. രാസവളങ്ങൾ മണ്ണിൽ ഈർപ്പം നിലനിൽക്കുന്ന സമയത്ത് മാത്രമേ നൽകാവൂ. നന നൽകിയുള്ള കൃഷിയിൽ വർഷത്തിൽ നാലു തവണകളായി വളം നൽകാവുന്നതാണ്. നാലിലൊരുഭാഗം ഏപ്രിൽ-മെയ് കാലയളവിൽ, അടുത്തത് ഓഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ, ഫെബ്രുവരി-മാർച്ച് എന്നിങ്ങനെ നാലു തവണകളിലായി വളം നൽകാം.
തെങ്ങിന് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള രാസവളപ്രയോഗത്തിന്റെ അളവ് (ഗ്രാം / തെങ്ങ്) |
||||||
---|---|---|---|---|---|---|
തെങ്ങിന്റെപ്രായം |
പോഷകങ്ങളുടെതോത് |
അമോണിയംസൾഫേറ്റ് |
യൂറിയ |
സൂപ്പർഫോസേഫേറ്റ്(സിംഗിൾ) |
അല്ലെങ്കിൽആൾട്രാ ഫോസ് /റോക്ക് ഫോസ്ഫേറ്റ് |
മ്യൂറിയേറ്റ്ഓഫ്പൊട്ടാഷ് |
ശരാശരി പരിചരണം | ||||||
3 മാസം | മുഴുവൻ തോതിന്റെ 1/10 | 165 | 75 | 95 | 60 | 115 |
1-ാം വർഷം | മുഴുവൻ തോതിന്റെ 1/3 | 550 | 250 | 320 | 200 | 380 |
2-ാം വർഷം | മുഴുവൻ തോതിന്റെ 2/3 | 1100 | 500 | 640 | 400 | 760 |
3-ാം വർഷം | മുഴുവൻ തോതും | 1650 | 750 | 950 | 600 | 1140 |
നല്ല പരിചരണം | ||||||
3 മാസം | മുഴുവൻ തോതിന്റെ 1/10 | 250 | 110 | 180 | 115 | 200 |
1-ാം വർഷം | മുഴുവൻ തോതിന്റെ 1/3 | 800 | 360 | 590 | 380 | 670 |
2-ാം വർഷം | മുഴുവൻ തോതിന്റെ 2/3 | 1675 | 720 | 1180 | 760 | 1340 |
3-ാം വർഷം | മുഴുവൻ തോതും | 2000 | 1080 | 1780 | 1140 | 2010 |
സങ്കരയിനങ്ങളും നനയെ ആശ്രയിച്ച് വളരുന്ന തെങ്ങുകളും | ||||||
3 മാസം | മുഴുവൻ തോതിന്റെ 1/10 | 490 | 220 | 280 | 180 | 335 |
1-ാം വർഷം | മുഴുവൻ തോതിന്റെ 1/3 | 1625 | 720 | 930 | 600 | 1110 |
2-ാം വർഷം | മുഴുവൻ തോതിന്റെ 2/3 | 3250 | 1450 | 1850 | 1200 | 2220 |
3-ാം വർഷം | മുഴുവൻ തോതും | 4800 | 2170 | 2780 | 1800 | 3330 |
കുമ്മായ വസ്തുക്കൾ
തെങ്ങൊന്നിന് 1 കിലോഗ്രാം എന്ന തോതിൽ കുമ്മായമോ ഡോളമൈറ്റോ നൽകാം. രാസവളങ്ങൾ നൽകുന്നതിന് രണ്ടാഴ്ചമുൻപെങ്കിലും ഇത് നൽകേണ്ടതാണ്. മെയ്-ജൂൺ മാസങ്ങളിലാണ് ഇത് ചേർക്കുന്നതിന് അനുയോജ്യമായ സമയം.
മൂലകങ്ങളുടെ കുറവുകൾ മണ്ണു പരിശോധനയിലൂടെ അറിയുന്നതിന് സഹായിക്കും. കുറവുള്ള മൂലകങ്ങളുടെ മിശ്രിതം അളവനുസരിച്ച് നൽകിയാൽ തെങ്ങ് വളരെക്കാലം നല്ല കായ്ഫലം നൽകുന്നതുമാണ്.