തെങ്ങ് ഭൂമധ്യരേഖാപ്രദേശ അന്തരീക്ഷത്തിലും, ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണിൽ എന്നാൽ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങൾ(തീരപ്രദേശങ്ങൾ) തെങ്ങിന് വളരാൻ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. തെങ്ങ് ഒരു ഉഷ്ണമേഖലാ സസ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് വളരാനുള്ള കഴിവുണ്ടെങ്കിലും അതിശൈത്യവും കനത്ത വരൾച്ചയും താങ്ങാൻ ചിലപ്പോൾ തെങ്ങിന് സാദ്ധ്യമാവാറില്ല. ഇളകിയ മണൽ ചേർന്ന പശിമരാശി മണ്ണാണ് വളരാൻ ഏറ്റവും അനുയോജ്യം (മണ്ണിന്റെ pH 5.0 മുതൽ 8.0 വരെ ).തീരപ്രദേശങ്ങളിലെ മണൽ മണ്ണിലും തെങ്ങ് വളരും. അടിയിൽ പാറയോടു കൂടിയ ആഴമില്ലാത്ത മണ്ണോ വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ, കളിമൺ പ്രദേശങ്ങളോ വിജയകരമായ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല. കടുത്ത മഴയും (പ്രതിവർഷം 1300-2300 മി.മീ അനുയോജ്യം ) ആർദ്രതയും ഉള്ള പ്രദേശങ്ങളിൽ തെങ്ങ് അനായാസമായി വളരുന്നു. ദിനതാപനില 20 ഡിഗ്രി മുകളിൽ ആയിരിക്കണം. 27 ഡിഗ്രി വാർഷിക താപനില അനുയോജ്യം
പ്രത്യേകതകൾ
തൂണുപോലെ വളരുന്നു. തടിയുടെ മുകളഗ്രഭാഗത്തുമാത്രം ഇലകൾ(ഓലകൾ) ഉണ്ടാകും. ഓലകൾ നാനാദിശയിലേക്കും നീണ്ടിരിക്കും. ഓലകൾ തടിയിൽ ചേരുന്ന ഭാഗങ്ങൾക്കിടയിലൂടെയാണ് പൂക്കുലകളും വിത്തുകളും ഉണ്ടാകുന്നത്. ഓലമടലുകൾക്ക് അഞ്ചു മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ഓലമടലുകളിൽ നിന്ന് ഇരുവശങ്ങളിലേക്കും ക്രമമായി ഓലക്കാലുകൾ ഉണ്ടാകും ഒരുമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ നീളവും ഓലക്കാലുകൾക്കുണ്ടാകും. ഓലക്കാലുകൾ കുന്താകാരമാണ്. ഓലക്കാലുകളെസൂര്യപ്രകാശം സ്വീകരിക്കാൻ പാകത്തിൽ ഭൂമിക്കു സമാന്തരമായി നിർത്തുന്നത് അവയുടെ നടുക്കുകൂടി കടന്നു പോകുന്ന നീണ്ട ബലമുള്ള ഭാഗമാണ് ഈർക്കിൽ.
പൂക്കാലം
തെങ്ങിൻ പൂക്കൾ, അടുത്തു നിന്നുള്ള ദൃശ്യം
തെങ്ങ് പ്രായപൂർത്തിയാകുന്ന കാലം മുതൽക്ക് തുടർച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാൽ പിന്നീട് തുടർച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലിൽ നിന്നാണ് പൂക്കുലകൾ പൊട്ടിപ്പുറപ്പെടുന്നത്. പുഷ്പങ്ങൾമൊട്ടായിരിക്കുമ്പോൾ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളിൽ ആൺപൂക്കൾ മാത്രമായോ പെൺപൂക്കൾ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയിൽ കൂടുതലും ആൺപൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയിൽ പെൺപൂക്കൾ കൂടുതലായുണ്ടാവും.
പരപരാഗണമാണ് തെങ്ങിൽ സാധാരണ നടക്കുന്നത്. അനേകം പൂക്കൾ ഒന്നിച്ചുവിരിയുന്നതിനാലും ഒന്നിലധികം പൂക്കുലകൾ ഒന്നിച്ചുണ്ടാകുന്നതിനാലും ചിലപ്പോൾ തെങ്ങിൽ സ്വയംപരാഗണവും നടക്കാറുണ്ട്.
തെങ്ങിൻപൂക്കുല പരാഗണശേഷം വിത്തുകളുമായി
വിത്ത്
തെങ്ങിന്റെ വിത്ത് തേങ്ങ അഥവാ നാളികേരം എന്നറിയപ്പെടുന്നു. പരാഗണത്തിനു ശേഷം ഏതാനും മാസങ്ങൾ എടുത്തേ വിത്ത് വിതരണത്തിനു പാകമാകൂ. പാകമായ വിത്ത് പച്ചയും തവിട്ടും കലർന്ന നിറത്തിലാവും ഉണ്ടാവുക. എന്നാൽ സ്വർണ്ണനിറമുള്ള വിത്തുള്ള തെങ്ങുകളും ഉണ്ട്. അണ്ഡാകാരമോ ഗോളാകാരമോ ആകും വിത്തിനുണ്ടാവുക. വിത്തിന് ശരാശരി എട്ട് സെന്റീമീറ്റർവ്യാസം ഉണ്ടാകും. വിത്തിന്റെ ഉള്ളിൽ പുതുസസ്യത്തിനു ആദ്യഭക്ഷണമാകാനുള്ള കാമ്പുമുണ്ടാകും വിത്ത് മുളക്കാൻ തുടങ്ങിയില്ലെങ്കിൽ അതിനുള്ളിൽ അല്പം ജലവും ഉണ്ടാകും. അത് തേങ്ങാവെള്ളം എന്നറിയപ്പെടുന്നു. കാമ്പ് ചിരട്ടയെന്നകട്ടിയേറിയ ഭാഗത്തിൽ ഉറച്ചിരിക്കുകയായിരിക്കും. ചിരട്ടക്കു പുറമേ ചകിരി വിത്തിനെ സംരക്ഷിക്കുന്നു. ഉയരങ്ങളിൽ നിന്ന് താഴേക്കു പതിക്കുമ്പോൾ വിത്തിന് ആഘാതം സംഭവിക്കാതിരിക്കുകയാണ് ചകിരിയുടെ ഉപയോഗം. ചിരട്ടയിൽ വിത്തിനു മുളച്ചുവരുവാൻ ഒരു കണ്ണുണ്ടായിരിക്കും. എന്നാൽ കീടങ്ങൾക്ക് തിരിച്ചറിയാൻ പാടില്ലാത്തവിധം മറ്റുരണ്ട് വ്യാജകണ്ണുകളും ചിരട്ടയിലുണ്ടാകും. പാകമാകാത്ത നാളികേരത്തെ കരിക്ക് അല്ലെങ്കിൽ ഇളനീർ എന്നു വിളിക്കുന്നു.